ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശം; കൂടുതല്‍ അറസ്റ്റിന് സാധ്യത

നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നു പൊലീസ്. നടിയുടെ പരാതിയില്‍ 30 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പിന്നാലെ അശ്ലീല കമന്റിട്ട എറണാകുളം കുമ്ബളം സ്വദേശി ഇന്നലെ അറസ്റ്റിലായി. 

സംഭവത്തില്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഉർജിതമാക്കി. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. 

നടിയുടെ പോസ്റ്റിനു കീഴെ പുതിയ അധിക്ഷേപ കമന്റ് കണ്ടെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. നടിക്ക് താര സംഘടനയായ അമ്മ പൂർണ പിന്തുണ പ്രഖ്യാപിച്ചു. 
അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഹണി റോസ് രംഗത്തെത്തി. ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച്‌ താൻ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്ന് നടി ഹണി റോസ്. തന്റെ വസ്ത്ര ധാരണത്തെക്കുറിച്ചോ, തന്നെക്കുറിച്ചോ ക്രിയാത്മകമായോ, സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ല. തന്റെ നേരെ അശ്ലീലപരാമർശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച്‌ സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച്‌ താൻ രംഗത്തെത്തുമെന്ന് ഹണി റോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച്‌ നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ താൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് തന്റെ ജോലിയുടെ ഭാഗമാണ്'.

'ഒരിക്കല്‍ കുടി പറയുന്നു. സമൂഹമാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാ പണ്ഡിതമാന്യൻമാരേ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണിറോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു' ഹണി റോസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
Previous Post Next Post