എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ ബോബിയെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ബോബിക്കെതിരെ കേസെടുത്തതിനു പിന്നാലെയാണു പൊലീസിന്റെ മിന്നല്‍ നീക്കം. ഹണി റോസിന്റെ പരാതി ലഭിച്ചതിനുപിന്നാലെ ബോബി ചെമ്മണൂരിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഒളിവില്‍ പോകുന്നതിനും മുന്‍കൂര്‍ ജാമ്യത്തിനുമുള്ള നീക്കമാണ് പൊലീസ് പൊളിച്ചത്.
രണ്ട് ദിവസമായി ബോബി വയനാട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇവിടെനിന്നുള്ള ഡാന്‍സാഫ് സ്‌ക്വാഡ് (ലഹരി വിരുദ്ധ സ്‌ക്വാഡ്) അംഗങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തിനുണ്ടായിരുന്നത്. റിസോര്‍ട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലേക്കു സ്വകാര്യ വാഹനത്തിലാണു കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആര്‍ ക്യാംപില്‍ ചലവഴിച്ചശേഷം 12 മണിയോടെ പൊലീസ് വാഹനത്തില്‍ എറണാകുളത്തേക്ക് കൊണ്ടുപോയി.