ന്യൂഡൽഹി: കാൻസർ ചികിത്സരംഗത്ത് നിർണായക കണ്ടെത്തലുമായി ഐഐടി ഗുവാഹതി. കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിന് കുത്തിവെയ്പ്പിലൂടെ ഉപയോഗിക്കാവുന്ന ഹൈഡ്രോജെൽ ഐഐടി ഗവേഷകർ വികസിപ്പിച്ചു. ഇതിന് പാർശ്വഫലങ്ങൾ കുറവായിരിക്കുമെന്ന് മെറ്റീരിയൽ ഹോറിസോൺസ് ജേണലിൽ പ്രദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വർഷം തോറും ദശലക്ഷക്കണക്കിന് ആളുകളെയാണ് കാൻസർ ബാധിക്കുന്നത്. കീമോതെറാപ്പിയിലൂടെയും ശസ്ത്രക്രിയയിലൂടെയും കാൻസർ കോശങ്ങളെ അല്ലെങ്കിൽ ട്യൂമർ നീക്കം ചെയ്യുന്നതിന് പരിധികളുണ്ട്.
ശസ്ത്രക്രിയയിലൂടെ പലപ്പോഴും മുഴകൾ പൂർണമായും നീക്കം ചെയ്യാൻ സാധ്യമല്ല, പ്രത്യേകിച്ച് ആന്തരിക അവയവങ്ങളിൽ. കൂടാതെ കീമോതെറാപ്പിക്ക് പലപ്പോഴും ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ഇത് കാൻസർ കോശങ്ങളെയും ആരോഗ്യകരമായ കോശങ്ങളെയും ഒരുപോലെ ബാധിക്കാം. ഈ വെല്ലുവിളികളെ മറികടക്കുന്നുകൊണ്ടാണ് ഹൈഡ്രോജെൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഐഐടി-ഗുവാഹതിയിലെ രസതന്ത്ര വിഭാഗം പ്രൊഫസർ ദേബപ്രതിം ദാസ് പറയുന്നു.
കാൻസർ ബാധയുള്ള പ്രദേശത്ത് കൃത്യമായി മരുന്ന് എത്തിക്കാൻ പുതിയതായി വികസിപ്പിച്ചെടുത്ത ഹൈഡ്രോജെൽ സഹായിക്കും. ഇവയുടെ സവിശേഷപ്പെട്ട ഘടന ജീവനുള്ള കലകളെ അനുകരിക്കുകയും ബയോമെഡിക്കൽ പ്രയോഗങ്ങൾക്കായി അനുയോജ്യമാക്കുകയും ചെയ്യുന്നു. ദ്രാവകങ്ങളെ ആഗിരണം ചെയ്യാനും നിലനിർത്താനും കഴിയുന്ന തരത്തിൽ ജലത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും ത്രിമാന പോളിമർ ശൃംഖലയുമാണ് ഹൈഡ്രോജെൽ. ഇത് കാൻസർ വിരുദ്ധ മരുന്നുകൾക്ക് സ്ഥിരതയുള്ള ഒരു റിസർവോയറായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അൾട്രാ ഷോർട്ട് പെപ്‌റ്റൈഡുകൾ, ബയോകോംപാറ്റിബിൾ-ബയോഡീഗ്രേഡബിൾ ആയുള്ള പ്രോട്ടീൻ എന്നിവ കൊണ്ട് രൂപപ്പെടുത്തിയ ഹൈഡ്രോജെൽ ജൈവ ദ്രാവകങ്ങളിൽ ലയിക്കില്ല. കാൻസർ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഗ്ലൂട്ടത്തയോൺ എന്ന തന്മാത്രയോട് മാത്രമേ ഹൈഡ്രോജെൽ പ്രതികരിക്കൂ. ആരോഗ്യകരമായ കലകളോട് അതിന്റെ പ്രതിപ്രവർത്തനം കുറയ്ക്കുകയും വ്യവസ്ഥാപരമായ പാർശ്വഫലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ സ്തനാർബുദത്തിന്റെ ഒരു മ്യൂറൈൻ മോഡലിൽ ഹൈഡ്രോജൽ മികച്ച രീതിയിൽ പ്രവർത്തിച്ചതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കീമോതെറാപ്പി മരുന്നായ ഡോക്സോരുബിസിൻ നിറച്ച ഹൈഡ്രോജല്ലിന്റെ ഒരൊറ്റ കുത്തിവയ്പ്പിലൂടെ 18 ദിവസത്തിനുള്ളിൽ ട്യൂമറിന്റെ വലുപ്പത്തിൽ ഏകദേശം 75 ശതമാനം കുറഞ്ഞതായും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഹൈഡ്രോജൽ ട്യൂമർ പ്രദേശത്ത് മാത്രം പ്രവർത്തിക്കുന്നതിനാൽ മറ്റ് അവയവങ്ങളിൽ കണ്ടെത്താവുന്ന പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ സൂക്ഷിക്കും. നൂതനമായ വിതരണ സംവിധാനം മരുന്നിന്റെ ഫലപ്രാപ്തി വർധിപ്പിക്കുകയും ആവശ്യമായ അളവ് കുറയ്ക്കുകയും അതുവഴി പാർശ്വഫലങ്ങൾ കുറയ്ക്കുകയും ചെയ്യാം.
ഹൈഡ്രോജൽ കാൻസർ വിരുദ്ധ മരുന്ന് മെച്ചപ്പെട്ട രീതിയിൽ ആഗിരണം ചെയ്യുകയും കോശ ചക്രം നിലനിർത്തുകയും ടാർഗറ്റ് ചെയ്യപ്പെട്ട കാൻസർ കോശങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ വിലയിരുത്തി. ഒരൊറ്റ ഡോസ് കൊണ്ട് ട്യൂമറിന്റെ വലിപ്പം പരമാവധി കുറയ്ക്കാൻ കഴിയുന്നത് എങ്ങനെയെന്ന് കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ദാസ് പറയുന്നു. സ്തനാർബുദത്തിന് അപ്പുറം മറ്റ് തരത്തിലുള്ള ട്യൂമറുകളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.