തിരുവനന്തപുരം: ബിഹാറിനെതിരായ നിര്‍ണായക രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഇന്നിങ്സ് ജയം സ്വന്തമാക്കി കേരളം രഞ്ജി ട്രോഫി പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍. ആറ് വര്‍ഷത്തിനു ശേഷമാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. മിന്നും ബൗളിങിലൂടെയാണ് കേരളം ബിഹാറിനെ ഒതുക്കിയത്. ഇന്നിങ്സിനും 169 റണ്‍സിനുമാണ് കേരളത്തിന്റെ മുന്നേറ്റം.
ഒന്നാം ഇന്നിങ്സില്‍ കേരളം 351 റണ്‍സെടുത്തു. ബിഹാറിന്റെ ഒന്നാം ഇന്നിങ്സ് വെറും 64 റണ്‍സില്‍ അവസാനിച്ചു. ഫോളോ ചെയ്ത് വീണ്ടും ബാറ്റിങിനിറങ്ങിയ അവരുടെ രണ്ടാം ഇന്നിങ്സ് 118 റണ്‍സിലും തീര്‍ന്നു.
രണ്ടിന്നിങ്സിലുമായി 5 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ വെറ്ററന്‍ ജലജ സക്സേനയുടെ മികച്ച ബൗളിങാണ് ബിഹാറിന്റെ അടി തെറ്റിച്ചത്. രണ്ടാം ഇന്നിങ്സില്‍ ആദിത്യ സാര്‍വതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
31 റണ്‍സെടുത്ത എസ് ഗാനി, 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ വീര്‍ പ്രതാപ് സിങ് എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ ബിഹാറിനായി പൊരുതിയത്. ഒന്നാം ഇന്നിങ്സില്‍ സര്‍മാന്‍ നിഗ്രോത് മാത്രമാണ് (21) ബിഹാര്‍ നിരയില്‍ പിടിച്ചു നിന്നത്.