വള്ളുവള്ളി അത്താണിയില്‍ ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സും സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കുടുങ്ങിയ ഡ്രൈവറെ ബസിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടക്കത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഡ്രൈവറെ രക്ഷിച്ചത്. പരിക്കേറ്റവരില്‍ 24 പേരെ കൊച്ചിയിലെ ആശുപത്രിയിലും ആറുപേരെ പറവൂരിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല
അപകടത്തിന് തൊട്ടുമുന്‍പ് തന്നെ വാഹനത്തിന് വിറയല്‍ അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. ഇക്കാര്യം ഡ്രൈവര്‍ കണ്ടക്ടറോട് പറഞ്ഞിരുന്നു. വിറയല്‍ അനുഭവപ്പെടുന്നുണ്ട്, വണ്ടി വേണമെങ്കില്‍ നിര്‍ത്താമെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ വാഹനത്തില്‍ നിറയെ യാത്രക്കാരാണ്. എല്ലാവരും ജോലിക്കാരാണ്. കൂടാതെ സമയം പോകും. അതുകൊണ്ട് വാഹനം നിര്‍ത്തേണ്ട എന്ന് കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞതായും യാത്രക്കാര്‍ പറയുന്നു.
ഇതിന് ശേഷം ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം മുന്നോട്ടുപോയി വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും യാത്രക്കാര്‍ പറയുന്നു. വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. 2025 ഫെബ്രുവരി വരെ ബസിന് ഫിറ്റ്‌നസ് ഉണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ബസിന്റെ ടയറുകള്‍ പൂര്‍ണമായി തേഞ്ഞുതീര്‍ന്ന് കമ്പികള്‍ പുറത്ത് കാണാന്‍ കഴിയുന്ന നിലയിലായിരുന്നു.