2023ലെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ശേഷം പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങുന്നു എന്നതാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. സ്പിൻ ഓൺ റൗണ്ടർ അക്ഷർ പട്ടേൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വന്നതും നിർണായക മാറ്റമാണ്.
കാരണം വ്യക്തമാക്കാതെ വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീമിൽ നിന്നു വിട്ടുനിന്ന സഞ്ജുവിന്റെ നടപടി കെസിഎയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ താരത്തിനു ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാതെ പോകുകയും ചെയ്തു. സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായ സഞ്ജു ഇന്ന് കളിക്കാനിറങ്ങും. വിവാദങ്ങൾക്ക് താരം ബാറ്റ് കൊണ്ടു മറുപടി പറയുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
ഇന്ത്യ ഓപ്പണിങിൽ സഞ്ജു സാംസൺ- അഭിഷേക് ശർമ സഖ്യത്തെ തന്നെ കളിപ്പിക്കും. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവും കളിക്കും. ശേഷിക്കുന്ന ബാറ്റിങ് സ്ഥാനങ്ങൾ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് മാറിയേക്കും.
മറുഭാഗത്ത് ഇംഗ്ലണ്ടും കരുത്തോടെയാണ് നിൽക്കുന്നത്. ക്യാപ്റ്റൻ ജോസ് ബട്ലർ അടക്കമുള്ള താരങ്ങൾ ഏത് ബൗളിങിനേയും നേരിടാൻ കെൽപ്പുള്ള സംഘമാണ്. ഹാരി ബ്രൂക്, ലിയാം ലിവിങ്‌സ്റ്റൻ, ജോഫ്ര ആർച്ചർ അടക്കമുള്ള പരിമിത ഓവർ സെപ്ഷലിസ്റ്റുകൾ ടീമിൽ കളിക്കുന്നുണ്ട്.
