നവവധു ഇന്ദുജയുടെ ആത്‍മഹത്യ; നിര്‍ണായക മൊഴി പുറത്ത്, തിരുവനന്തപുരം നഗരത്തില്‍ വെച്ച്‌ അജാസ് ഇന്ദുജയെ മര്‍ദിച്ചു.

പാലോട് നവവധു ഇന്ദുജ ആത്‍മഹത്യ ചെയ്ത കേസില്‍ നിർണായക മൊഴികള്‍ പൊലീസിന്. തിരുവനന്തപുരം നഗരത്തില്‍ വെച്ച്‌ അജാസ് ഇന്ദുജയെ മർദിച്ചതായി പൊലീസ് പറയുന്നു.

മർദിച്ചതിന് ശേഷം അജാസ് ഇന്ദുജയെ വിളിച്ച്‌ ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദുജ ആത്മഹത്യ ചെയ്യുന്നത്. മരണവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിനേയും സുഹൃത്തായ അജാസിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരേയും ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങള്‍ ലഭിക്കുന്നത്.

അഭിജിത്തിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തായ അജാസിനെ കസ്റ്റഡിയില്‍ എടുത്തത്. അജാസുമായി ഇന്ദുജക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതേ ചൊല്ലി അഭിജിത്തും ഇന്ദുജയും തമ്മില്‍ സ്ഥിരം വഴക്കിട്ടിരുന്നു. അജാസുമായും അഭിജിത്തു വഴക്കിട്ടു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം നഗരത്തില്‍ വെച്ച്‌ അജാസ്, ഇന്ദുജയെ മർദിച്ചു. ഇതിന്റെ പാടുകളാണ് ഇന്ദുജയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ആത്മഹത്യക്ക് തൊട്ടു മുമ്ബ് അജാസ് ഇന്ദുജയെ വിളിച്ചു ദേഷ്യപ്പെട്ടു. പിന്നാലെയാണ് തൂങ്ങി മരിക്കുന്നത്.

 അതേസമയം, ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആത്‍മഹത്യക്ക് കാരണം ഇരുവരുടെയും നിരന്തര മാനസിക പീഡനവും മർദ്ദനവും ആണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. അഭിജിത്തിനെതിരെ ഭർതൃ പീഡനം, ആത്‍മഹത്യ പ്രേരണ, ദേഹോപദ്രവം ഏല്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തും. അജാസിനെതിരെ പട്ടികജാതി പീഡനം, മർദ്ധനം, ആത്‍മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തും.

ആദിവാസി സമൂഹത്തില്‍ പെട്ട ഇന്ദുജയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ്. മൂന്ന് മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. പ്രണയത്തി‌ലായിരുന്ന ഇരുവരുടെയും വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിക്കാത്തതിനെ തുടർന്ന് ഇന്ദുജയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അമ്ബലത്തില്‍ കൊണ്ട് പോയി താലി കെട്ടുകയായിരുന്നു.

Previous Post Next Post