വിഐപി ദര്‍ശനം: നാല് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്; ദീലീപിന്റെ വീഡിയോ പരിശോധിക്കുമെന്ന് ഹൈക്കോടതി

ശബരിമലയില്‍ ഭക്തര്‍ക്ക് തടസ്സമുണ്ടാക്കുന്ന വിധം നടന്‍ ദിലീപും സംഘാംഗങ്ങളും ദര്‍ശനം നടത്തിയ സംഭവത്തില്‍ നാല് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസി. എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ദേവസ്വം ഗാര്‍ഡുകള്‍ എന്നിവര്‍ക്കാണ് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. 

വ്യാഴാഴ്ച രാത്രി ഹരിവരാസനം തീരുന്നതുവരെ മറ്റുള്ളവര്‍ക്ക് തടസ്സം ഉണ്ടാകുന്ന വിധത്തില്‍ വിഐപി പരിഗണന നല്‍കി നടന്‍ ദിലീപിനും സംഘത്തിനും ഒന്നാം നിരയില്‍ ദര്‍ശനം നടത്താന്‍ അനുവദിച്ചതാണ് വിവാദമായത്. സംഭവത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.

നടന്‍ ദിലീപ്, സംഘാംഗങ്ങള്‍, ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ രാധാകൃഷ്ണന്‍, ഒഡെപെക് ചെയര്‍മാന്‍ കെ പി അനില്‍കുമാര്‍ എന്നിവരാണ് പൊലീസ് അകമ്ബടിയോടെ സോപാനത്ത് വന്നത്. ഇവരെ മൂന്നുപേരെയും ഒന്നാം നിരയിലേക്ക് കയറ്റി വിട്ടു. ഒപ്പമുണ്ടായിരുന്നവരെ പിന്നിലെ ജനറല്‍ ക്യൂവിലും നിര്‍ത്തിയതായി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു റിപ്പോര്‍ട്ട് നല്‍കി.
അതേസമയം, ദിലീപ് വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എങ്ങനെയാണ് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വിഐപി പരിഗണന നല്‍കിയത് എന്നതു സംബന്ധിച്ച്‌ തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ എത്രസമയം സോപാനത്ത് ചിലവഴിച്ചെന്ന് കോടതി ചോദിച്ചു. പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് കാണിക്കയിടാനും തടസ്സമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി.
Previous Post Next Post