യുവാക്കൾക്കിടയിൽ പ്രമേഹരോ​ഗികളുടെ എണ്ണം കൂടുന്നു; നിയന്ത്രിച്ചു നിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം



പ്രമേഹ രോ​ഗികളുടെ ഒരു ഹബ് ആയി മാറിയിരിക്കുകയാണ് ഇന്ത്യ. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോ​ഗികൾ ഇന്ത്യയിലാണെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. അതിൽ നല്ലൊരു ശതമാനവും യുവാക്കളാണെന്നതാണ് ആശങ്ക ഉയർത്തുന്നത്. മോശം ജീവിതശൈലി, സമ്മർദം, ജനിതകം തുടങ്ങിയവയാണ് യുവാക്കളിൽ പ്രമേഹ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ.

പ്രമേഹ സാധ്യത കുറയ്ക്കാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താം.

യുവാക്കള്‍ക്കിടയില്‍ പ്രമേഹസാധ്യത കുറയ്ക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം ആരോഗ്യകരമായ ഡയറ്റ് പിന്തുടരുകയെന്നതാണ്. പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. കൂടാതെ പ്രോസസ്ഡ് ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

വ്യായാമത്തിന്‍റെ അഭാവം യുവാക്കള്‍ക്കിടയില്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ്, മാനസികാവസ്ഥ, സമ്മര്‍ദം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് നേരം മിതമായ വ്യായാമം ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.

വീട്ടുമാറാത്ത മാനസിക സമ്മര്‍ദം പ്രമേഹസാധ്യത വര്‍ധിപ്പിക്കും. ശ്വസനവ്യായാമം, മെഡിറ്റേഷന്‍ തുടങ്ങിയവയിലൂടെ സമ്മര്‍ദത്തെ നിയന്ത്രിച്ചു നിര്‍ത്താം. കൂടാതെ ആരോഗ്യത്തിന് ഹാനികരമായ പുകവലി, മദ്യപാനം എന്നിവ പാടെ ഉപേക്ഷിക്കാനും ശ്രദ്ധിക്കുക.

രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതില്‍ ഉറക്കത്തിന് വലിയ പങ്കുണ്ട്. ഉറക്കമില്ലായ്മ പോലുള്ള ഉറക്ക പ്രശ്‌നങ്ങള്‍ ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

പ്രീ ഡയബറ്റിസ് നേരത്തെ കണ്ടെത്തുന്നത് രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. രക്ത പരിശോധന ഉള്‍പ്പെടെ വാർഷിക ആരോഗ്യ പരിശോധനകൾ അപകടസാധ്യത നേരത്തെ തിരിച്ചറിയാന്‍ സഹായിക്കും.

Previous Post Next Post