ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ജി പൂങ്കുഴലി നോഡല്‍ ഓഫീസര്‍; സര്‍ക്കാര്‍ വെട്ടിയ ഭാഗം പുറത്തുവിടുന്നത് മാറ്റിയത് അവസാനനിമിഷം

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് ഭീഷണി ഉണ്ടായാല്‍ ഉടന്‍ സംരക്ഷണം നല്‍കാനുള്ള നോഡല്‍ ഓഫീസറായി എഐജി ജി പൂങ്കുഴലിയെ നിയമിച്ചു.
ഇരകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമാണ് നോഡല്‍ ഓഫീസറുടെ ചുമതല. 

അതേസമയം, മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തു വിടാനുള്ള തീരുമാനം സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അവസാന നിമിഷമാണ് മാറ്റിയത്. വെട്ടിയ ഭാഗങ്ങള്‍ ഇന്നലെ പുറത്തു വിടുമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നെങ്കിലും, വിവരാവകാശ പ്രകാരം മറ്റൊരു അപേക്ഷ കൂടി ലഭിച്ചെന്ന കാരണത്താല്‍ പുറത്തുവിടാനുള്ള തീരുമാനം മാറ്റിവെക്കുകയായിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ മറച്ചു വെച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ പുറത്തു വിട്ടത്. ഇതു ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് വെട്ടിയ ഭാഗങ്ങള്‍ കൂടി പുറത്തു വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ പുതിയ അപേക്ഷ ലഭിച്ചതിനാല്‍ ഉത്തരവ് തല്‍ക്കാലം പുറത്തു വിടുന്നില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

Previous Post Next Post