റേഡിയോ സിലോണിൽ മുഴങ്ങിയ മലയാളി ശബ്‌ദം; സരോജിനി ശിവലിം​ഗം അന്തരിച്ചു



കോയമ്പത്തൂർ: ശ്രീലങ്കയിലെ റേഡിയോ സിലോണിന്റെ മലയാളം പരിപാടികളുടെ അവതാരകയെന്ന നിലയിൽ പ്രശസ്തയായിരുന്ന സരോജിനി ശിവലിം​ഗം (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പാലക്കാട് സ്വദേശിനിയായ സരോജിനി ശ്രീലങ്കക്കാരനായ ആർആർ ശിവലിം​ഗത്തെ വിവാഹം കഴിച്ച് എഴുപതുകളുടെ തുടക്കത്തിലാണ് ശ്രീലങ്കയിൽ എത്തുന്നത്. യാദൃച്ഛികമായി റേഡിയോയിൽ കേട്ട മലയാളം പരിപാടിയിൽ ആകൃഷ്ടയാവുകയും പിന്നീട് റേഡിയോ അവതാരകയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അക്കാലത്ത് ദിവസവും അരമണിക്കൂറായിരുന്നു റേഡിയോയിൽ മലയാളം പരിപാടി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശ്രോതാക്കളുടെ കത്തുകളുടെ അവതരണവും നാട്ടിലുള്ള കുടുംബാം​ഗങ്ങൾക്കായി സന്ദേശ ​ഗാനങ്ങൾ അവതരിപ്പിക്കുന്നതും ഏറെ ശ്രദ്ധേയമായിരുന്നു. മാരിവില്ല്, രാ​ഗസം​ഗമം, ശബ്ദലഹരി, വനിതാരം​ഗം തുടങ്ങിയ ഒട്ടേറെ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട സരോജിനി ശിവലിം​ഗത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 1983ൽ ശ്രീലങ്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കുടുംബമായി നാട്ടിലേക്ക് മടങ്ങി. വർഷങ്ങളായി കോയമ്പത്തൂരായിരുന്നു താമസം.

Previous Post Next Post