തോട്ടട ഐടിഐ സംഘര്‍ഷം: എസ്‌എഫ്‌ഐ, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, ഇന്ന് കണ്ണൂർ ജില്ലയിൽ പഠിപ്പുമുടക്ക് സമരം

തോട്ടട ഐടിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ - കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ എസ് യൂ പ്രവര്‍ത്തകന്‍ മുഹമ്മദ് റിബിന്റെ പരാതിയില്‍ 11 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പരിക്കേറ്റ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ആഷിക്കിന്റെ പരാതിയില്‍ 6 കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് എതിരെയുമാണ് കേസെടുത്തത്. 

സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്യു ജില്ലയില്‍ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ കാമ്ബസുകളിലും പഠിപ്പു മുടക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കെഎസ്യു പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 
അതിനിടെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതില്‍ 17 എസ്‌എഫ്‌ഐ, കെഎസ്യു പ്രവര്‍ത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തില്‍ നാളെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും ഉള്‍പ്പെടുത്തി പൊലീസ് സര്‍വകക്ഷിയോഗം ചേരും.

കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് റിബിന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ക്യാമ്ബസില്‍ കെ എസ് യു കൊടികെട്ടിയതിന് പിന്നാലെ എസ്‌എഫ്‌ഐ -കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തി വീശിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. അക്രമത്തെ തുടര്‍ന്ന് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
Previous Post Next Post