'നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയും'; രാഹുല്‍ ഗാന്ധി, ഏഴ് ദിവസം ദുഃഖാചരണം; പരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ്

ഡോ മൻമോഹൻ സിങിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയുമാണെന്ന് രാഹുല്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
അദ്ദേഹത്തിന്‍റെ വിനയവും സാമ്ബത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കുമെന്നും രാഹുല്‍ പറഞ്ഞു.

ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിങ് എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മൻമോഹൻ സിങിന്‍റെ അന്ത്യം. 2004 മുതല്‍ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.

ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്ബത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. അതേസമയം കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്ബർക്ക പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികള്‍ പുനരാരംഭിക്കും.
Previous Post Next Post