ഗോൾ ശ്രമം തടുക്കുന്നതിനിടെ ബൂട്ടു കൊണ്ടു മുഖത്ത് ചവിട്ടേറ്റു; പിഎസ്ജി ഗോള്‍ കീപ്പര്‍ ഡൊണ്ണാരുമയ്ക്ക് ഗുരുതര പരിക്ക്

പാരിസ്: ഫുട്‌ബോള്‍ മൈതാനത്ത് താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് പുതുമയുള്ള സംഭവമല്ല. എന്നാല്‍ ചില അപകടങ്ങള്‍ അല്‍പ്പം ആശങ്കയായി മാറാറുണ്ട്. അത്തരമൊരു അപകടം കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തിനിടെ സംഭവിച്ചു.

പിഎസ്ജിയുടെ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലുയി ഡൊണ്ണാരുമയുടെ മുഖത്തിനു എതിര്‍ താരത്തിന്റെ ബൂട്ടു കൊണ്ടു ചവിട്ടേറ്റു. ലീഗില്‍ അപരാജിത മുന്നേറ്റം നടത്തുന്ന നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജിയും സീസണില്‍ മിന്നും ഫോമില്‍ മുന്നേറുന്ന എഎസ് മൊണാക്കോയും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ഞെട്ടിക്കുന്ന അപകടം. താരത്തിന്റെ മുഖത്തിന് ഗുരുതര പരിക്കേറ്റു.

മൊണാക്കോ താരം വില്‍ഫ്രഡ് സിംഗോയുടെ ഗോളടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. താരത്തിന്റെ ഗോള്‍ ശ്രമം മുന്നോട്ടു കയറി തടുക്കാനുള്ള ഡൊണ്ണാരുമയുടെ നീക്കത്തിനിടെയാണ് അപകടം. സിംഗോയുടെ ബൂട്ടു കൊണ്ടുള്ള ചവിട്ട് ഡൊണ്ണാരുമയുടെ മുഖത്താണ് ഏറ്റത്. താരം പരിക്കേറ്റ് കളം വിട്ടു. മുറിവുകളേറ്റ് തരത്തിന്റെ മുഖത്തു നിന്നു ചോര വാര്‍ന്നു.

എന്നാല്‍ അപകടരമായ ഫൗളായിട്ടും റഫറിമാര്‍ സിംഗോയ്ക്ക് റെഡ് കാര്‍ഡ് നല്‍കാത്തതിനെ പിഎസ്ജി പരിശീലകന്‍ ലൂയീസ് എന്റിക്വെ ചോദ്യം ചെയ്തു. മത്സരത്തില്‍ 4-2നു പിഎസ്ജി വിജയം സ്വന്തമാക്കി.

Previous Post Next Post