പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും.
2022 ലാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ജില്ലയിലെ തന്നെ നെന്മേനി ഗ്രാമപഞ്ചായത്തിലും കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് പത്ത് കിലോമീറ്റർ ചുറ്റളവിലെ പന്നി ഫാമുകളില്‍ രോഗനിരീക്ഷണം നടത്തിയുമാണ് അന്ന് രോഗത്തിന്റെ വ്യാപനത്തെ മൃഗസംരക്ഷണ വകുപ്പ് തടഞ്ഞുനിർത്തിയത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വയനാട് ജില്ലയില്‍ 702 പന്നികളെയും കണ്ണൂര്‍ ജില്ലയില്‍ 247 പന്നികളെയും കൊന്നിരുന്നു.
