പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്; കരയില്‍ വസ്ത്രങ്ങളും ഫോണും കണ്ടതോടെ പ്രദേശവാസികള്‍ക്ക് സംശയം; അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.


ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചത് കുളിക്കാൻ ഇറങ്ങിയപ്പോള്‍ എന്ന് പ്രാഥമിക നിഗമനം.

ഇന്നലെ വൈകിട്ടോടെയാണ് മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ ഡോണല്‍ ഷാജി, അക്‌സാ റെജി എന്നിവരുടെ മൃതദേഹങ്ങള്‍ അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നെന്നാണ് സഹപാഠികള്‍ പറയുന്നത്. ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അതേസമയം, വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങളും ഫോണും കണ്ട പ്രദേശവാസികള്‍ അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22) മുട്ടം എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ഇതേ കോളജിലെ ഒന്നാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനിയാണ് അക്‌സാ റെജി. കൊല്ലം തലവൂർ മഞ്ഞക്കാല സ്വദേശിനിയാണ് പെണ്‍കുട്ടി. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നും രാവിലെ പോയത്.

അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നു മൂന്നു കിലോ മീറ്റർ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഏറെ നേരം ഫോണ്‍‌ കരയില്‍ ഉണ്ടായതോടെ അപകടത്തില്‍പ്പെട്ടെന്ന് നാട്ടുകാർക്ക് സംശയമായി. തുടർന്ന് തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി തിരച്ചില്‍ ആരംഭിച്ചു. തുടർന്ന് വൈകീട്ട് ആറരയോടെ ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50-ഓടെ അക്‌സയുടെ മൃതദേഹവും കണ്ടെടുത്തു.

അരുവിക്കുത്ത് വെള്ളച്ചാട്ടം കുത്തൊഴുക്കും നിരവധി കയങ്ങളുമുള്ള പ്രദേശമാണ്. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി ഇരുവരുടെയും മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Previous Post Next Post