ലക്ഷ്യമിട്ടത് അനിലയെയും ആണ്‍സുഹൃത്തിനേയും; ബേക്കറിയുടെ പങ്കാളിത്തത്തെച്ചൊല്ലി തര്‍ക്കം



കൊല്ലം: ചെമ്മാന്‍മുക്കില്‍ യുവതിയെ കാറിനുള്ളില്‍ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം നഗരത്തിലെ ആശ്രാമം പരിസരത്ത് ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടില്‍ മേലതില്‍ വീട്ടില്‍ അനില (44)യാണ് കൊല്ലപ്പെട്ടത്. അനിലയുടെ ഭര്‍ത്താവ് പത്മരാജനാണ് കൊലപാതകം നടത്തിയത്. അനില നടത്തുന്ന ബേക്കറിയില്‍ പാര്‍ട്ട്ണറായ യുവാവിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.

കാറില്‍ വെച്ച് അനിലയെ ആക്രമിക്കുമ്പോള്‍, ഒപ്പമുണ്ടായിരുന്ന ബേക്കറി ജീവനക്കാരനായ സോണിക്കും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അനിലയുടെ ആണ്‍സുഹൃത്താണ് കാറിലെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതി യുവാവിനെയും ആക്രമിച്ചത്. സംഭവത്തിനു ശേഷം പൊലീസില്‍ കീഴടങ്ങിയ പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകക്കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമക്കുറ്റവും ചുമത്തും.

കടയിൽ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാർട്നർഷിപ്പ് ഉടൻ ഒഴിയണമെന്നു പത്മരാജൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പത്മരാജനും അനിലയുടെ സുഹൃത്തുമായി കയ്യാങ്കളിയും നടന്നിരുന്നു. തുടർന്ന് പാർട്ട്ണർഷിപ്പ് തുക ഡിസംബർ 10ന് തിരികെ തരാമെന്ന രീതിയിൽ ഒത്തുതീർപ്പും നടന്നു. ഇതിനുശേഷമാണ് ആക്രമണം ഉണ്ടാകുന്നത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പത്മരാജൻ പെട്രോൾ ഒഴിച്ചത്. കടയിലെ ജീവനക്കാരനായ സോണിയെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു ആക്രമണം. കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ബേക്കറിയിലെ പാർട്ട്ണറായ യുവാവും അനിലയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ നിരന്തരമുണ്ടായ കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

Previous Post Next Post