ബില്ലിനെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, ഫെഡറല്‍ സംവിധാനത്തിന് എതിരായ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുന്നതാണ് ബില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ധര്‍മ്മേന്ദ്ര യാദവ് ആരോപിച്ചു. ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയും അറിയിച്ചു. സംസ്ഥാന നിയമസഭകളുടെ സ്വാതന്ത്ര്യം അട്ടിമറിക്കാന്‍ ബില്‍ ശ്രമിക്കുന്നതായി ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേര്‍ക്കുള്ള കടന്നാക്രമണമാണ് ബില്ലെന്ന് മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്ലിനെ എതിര്‍ക്കുമെന്ന് ഡിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്.