ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു; രക്ഷകരായത് ആരോഗ്യപ്രവര്‍ത്തകയും മെഡിക്കല്‍ വിദ്യാര്‍ഥിയായ മകളും

പത്തനംതിട്ട: ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിയായ 20കാരിയാണ് ജീപ്പില്‍ പ്രസവിച്ചത്. വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ ജീപ്പില്‍ കോന്നി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതി പ്രസവിച്ചത്.

പ്രസവ വേദനയുണ്ടായതോടെ യുവതിയുടെ ബന്ധുക്കള്‍ ട്രൈബല്‍ പ്രമോട്ടര്‍ ഹരിതയെ വിവരമറിയിച്ചു. ഇവരെത്തി യുവതിയെ ജീപ്പില്‍ കല്ലേലി-ആവണിപ്പാറ വനപാതിയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മണ്ണാറപ്പാറ ഭാഗത്തുവെച്ച് പ്രസവിച്ചത്. കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക സജീദയും കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയുമായ മകളുമാണ് പ്രസവ സമയത്ത് യുവതിയെ പരിചരിച്ചത്.

തുടര്‍ന്ന് കോന്നി മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സ് എത്തിച്ച് ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഖമായിരിക്കുന്നുവെന്ന് സജീദ പറഞ്ഞു.

Previous Post Next Post