പുനരധിവാസത്തിന് എത്ര പണം വേണം?, കേന്ദ്രം എത്ര കൊടുക്കും?; കണക്കില്‍ വ്യക്തത വേണം, വിമര്‍ശിച്ച് ഹൈക്കോടതി

 


കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ നീക്കിയിരിപ്പ് തുക, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് എന്നിവയില്‍ വ്യക്തമായ കണക്കുകളില്ലാത്തതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഹൈക്കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ എത്രയും വേഗം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നേരിട്ട് കണക്കുകള്‍ ഹാജരാക്കണമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് സിപി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

പുനര്‍ നിര്‍മാണത്തിനും പുനരധിവാസത്തിനും എത്ര ഫണ്ട് വേണമെന്നും കേന്ദ്രം നല്‍കുന്ന സാമ്പത്തിക സഹായം എത്രയെന്നും കോടതി ചോദിച്ചു. ദുരന്തത്തിന് മുമ്പ് ദുരിതാശ്വാസ നിധിയില്‍ എത്ര തുക ഉണ്ടായിരുന്നു, അതില്‍ എത്ര തുക ഉപയോഗിക്കാനുണ്ട്, കേന്ദ്രം അനുവദിച്ച തുകയുടെ എത്ര വിഹിതം വിനിയോഗിച്ചു തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. എസ്ഡിആര്‍എഫ് അക്കൗണ്ട് ഓഫീസര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 153 കോടി രൂപയുടെ സഹായത്തിന് ഉന്നതതല സമിതി അംഗീകാരം നല്‍കിയതായി രണ്ടാഴ്ച മുമ്പ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വീണ്ടെടുക്കലിനും പുനര്‍നിര്‍മാണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2,219 കോടിയാണ് ആവശ്യപ്പെട്ടതെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Previous Post Next Post