കട്ടപ്പനയില്‍ സഹകരണബാങ്കിന് മുന്നില്‍ നിക്ഷേപകന് സാബു ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം സംഘം ഇന്നുമുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും.
സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം മുന്‍ ഏരിയാ സെക്രട്ടറി വിആര്‍ സജിയുടെയും മൊഴിയെടുക്കും.
സാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പൊലീസ് ആലോചിക്കുന്നു. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് തീരുമാനം. സാബുവിന്റെ മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനും ആലോചിക്കുന്നുണ്ട്.
നിക്ഷേപകന് ജീവനൊടുക്കിയ സംഭവത്തില്‍ ജീവനക്കാര്‍ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറല്‍ ഡെവലപ്മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വര്‍ഗീസ് സൂചിപ്പിച്ചു. സാബുവിനോട് മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വര്‍ഗീസ് പറഞ്ഞു. സാബുവിനോട് ജീവനക്കാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് വിവരമുണ്ടെന്നും അക്കാര്യം അടക്കം അന്വേഷിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രതികരിച്ചിരുന്നു.
സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേകപനുമായ മുളങ്ങാശ്ശേരിയില്‍ സാബു(56)വിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. പൊതുദര്‍ശനത്തിന് ശേഷം കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയിലാണ് മൃതദേഹം സംസ്കരിച്ചത്. നിക്ഷേപിച്ച തുക ചോദിച്ചു ചെന്ന സാബുവിനെ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും സൊസൈറ്റി മുന്‍ പ്രസിഡന്റുമായ വി ആര് സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.