ആരാണ് ആദ്യം കേക്കുണ്ടാക്കിയത്? അറിയാം കേക്കിന്റെ ചരിത്രം


 ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന കാര്യങ്ങളിലൊന്നാണ് കേക്ക്. ക്രിസ്മസിന് എങ്ങനെയാണ് കേക്ക് പ്രധാന വിഭവമായതെന്ന് അറിയാമോ? വിക്ടോറിയന്‍ ഇംഗ്ലണ്ടിനോളം പഴക്കമുള്ളതാണ് ആ കഥ.

പരമ്പരാഗത ക്രിസ്ത്യന്‍ ആചാരങ്ങളായ ട്വല്‍ത്ത് നൈറ്റുമായി ബന്ധപ്പെട്ടാണ് ക്രിസ്മസ് കേക്ക് ഉണ്ടായത്. ആദ്യകാലങ്ങളില്‍, ക്രിസ്മസ് കേക്ക് വിഭവ സമൃദ്ധമായ ഭക്ഷണത്തിനായി വയറിനെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയിരുന്ന വിഭവമാണ്. അക്കാലത്ത് ക്രിസ്മസിന് മുമ്പുള്ള ആഴ്ചകളിലുടനീളം ജനങ്ങള്‍ ഉപവാസം നോക്കുന്നത് പതിവായിരുന്നു. അതിനൊടുവില്‍ ആഘോഷ ഭക്ഷണത്തിനു മുന്‍പായി കഞ്ഞി പോലെ ക്രിസ്മസ് പുഡ്ഡിങ് ഒരുക്കും. ഈ പുഡ്ഡിങ്ങുകളാണ് ബേക്ക് ചെയ്ത് ഇന്ന് കാണുന്ന റിച്ച് പ്ലം കേക്കുള്‍പ്പെടുന്ന വിവിധങ്ങളായ കേക്കുകളായി മാറിയത്.

ഇന്ന് കാണുന്ന ക്ലാസിക് ക്രിസ്മസ് പ്ലം കേക്കിന്റെ ഉത്ഭവം ഇംഗ്ലണ്ടില്‍ നിന്നായിരുന്നു. പണ്ട് ക്രിസ്മസ് വിരുന്നിനായി ക്രിസ്മസ് രാവില്‍ കഞ്ഞി രൂപത്തിലുള്ള വിഭവം തയാറാക്കിയിരുന്നു. ഓട്സ്, ഡ്രൈ ഫ്രുട്‌സ്, സുഗന്ധവ്യഞ്ജനങ്ങള്‍, തേന്‍, മാംസം എന്നിവ ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കിയിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടോടെ ഈ വിഭവത്തില്‍ മാറ്റങ്ങള്‍ വരുത്തി തുടങ്ങി. ഓട്സിന് പകരം മാവും മുട്ടയും ഉപയോഗിച്ചു തുടങ്ങി. ഒരു പുഡ്ഡിങ്ങായി മാറിയ വിഭവം ഇപ്പോഴുള്ള പോലത്തെ ഫ്രൂട്ട്കേക്കിനോട് സാമ്യമുള്ളതായി. മൂന്ന് വിദ്വാന്‍മാരെ സൂചിപ്പിക്കുന്നതിന് കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഇതില്‍ ചേര്‍ക്കാന്‍ തുടങ്ങി, കൂടുതല്‍ ചേരുവകള്‍ ചേര്‍ത്തതോടെ ഇന്നത്തെ ക്രിസ്മസ് കേക്കിന്റെ രൂപം കൈവന്നു.

1600 കളില്‍ യൂറോപ്പിലുടനീളമുള്ള നിരവധി പ്രൊട്ടസ്റ്റന്റുകാര്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. അങ്ങനെ ക്രിസ്മസ് കേക്കിന് പകരം ട്വല്‍ത്ത് നൈറ്റ് ആഘോഷങ്ങളില്‍ ബദാം, മാര്‍സിപാന്‍ എന്നിവ കൊണ്ട് പൊതിഞ്ഞ ട്വല്‍ത്ത് നൈറ്റ് കേക്ക് ഉണ്ടാക്കുന്നത് പതിവായി.

1640-കളില്‍, ഇംഗ്ലണ്ടിലെ ലോര്‍ഡ് പ്രൊട്ടക്ടറായ ഒലിവര്‍ ക്രോവലും മറ്റ് പ്യൂരിറ്റന്‍മാരും ക്രിസ്മസ് ആഘോഷം നിരോധിച്ചെങ്കിലും ക്രിസ്മസ് ദിനത്തില്‍ വിരുന്നുകള്‍ അനുവദനീയമായതിനാല്‍ ആളുകള്‍ കേക്ക് ഉണ്ടാക്കി പകരം മാര്‍സിപാന്‍ കൊണ്ട് പൊതിഞ്ഞു വിഭങ്ങള്‍ ഉണ്ടാക്കി.

ക്രിസ്ത്യന്‍ ആഘോഷമല്ലെന്ന് പറഞ്ഞ് 1800-കളുടെ അവസാനത്തില്‍ വിക്ടോറിയ രാജ്ഞി ട്വല്‍ത്ത് നൈറ്റ് ആഘോഷങ്ങള്‍ നിരോധിച്ചു. ഈ നീക്കം അന്നത്തെ മിഠായി നിര്‍മ്മാതാക്കള്‍ക്ക് വരുമാനം ഇല്ലാതാക്കി. അതിനാല്‍ അവര്‍ ട്വല്‍ത്ത് നൈറ്റ് കേക്ക് ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഐസ്ഡ് കേക്കായി പുനര്‍നിര്‍മ്മിച്ചു തുടങ്ങി. ഇങ്ങനെയാണ് ഇന്നത്തെ ക്രിസ്മസ് കേക്ക് രൂപപ്പെട്ടത്

Previous Post Next Post