എട്ടാം കിരീടം നേടി 'ഹാപ്പി' ന്യൂയർ ആഘോഷിക്കാൻ കേരളം; സന്തോഷ് ട്രോഫി ഫൈനൽ ഇന്ന് വൈകീട്ട്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം കലാശപ്പോരില്‍ കരുത്തരായ പശ്ചിമ ബംഗളുമായി ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് കലാശപ്പോരാട്ടം. മത്സരം തത്സമയം ഡിഡി സ്‌പോര്‍ട്‌സിലും എസ്എസ്ഇഎന്‍ ആപ്പിലൂടെയും കാണാം.

സന്തോഷ് ട്രോഫി സ്വന്തമാക്കി ന്യൂയര്‍ ഹാപ്പിയാക്കാനുള്ള അവസരമാണ് കേരളത്തിനു മുന്നിലുള്ളത്. അപരാജിത മുന്നേറ്റത്തോടെയാണ് കേരളം ഫൈനലില്‍ ഇറങ്ങുന്നത്. കേരളത്തിന്റെ 16ാം ഫൈനല്‍. ബംഗാളിന് 47ാം കലാശപ്പോര്. അവര്‍ക്ക് 32 കിരീടങ്ങള്‍. കേരളത്തിന് ഏഴും.

പ്രതിരോധ താരം മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. അതിനാല്‍ താരത്തിനു ഇന്ന് കളിക്കാന്‍ സാധിക്കില്ല. ഫൈനലിനു ഇറങ്ങുമ്പോള്‍ കേരളത്തിനു ക്ഷീണമുണ്ടാക്കുന്ന കാര്യം ഇതാണ്. മനോജിനു പകരം ആദില്‍ അമല്‍ കളിച്ചേക്കും.

ബംഗാള്‍ ടീം സന്തുലിതമാണ്. കടുത്ത എതിരാളികളെയാണ് കേരളത്തിനു ഫൈനല്‍ നേരിടേണ്ടത്. കേരളം 5-4-1 ശൈലിയിലാണ് വിന്ന്യസിക്കുന്നത്. മിന്നും ഫോമിലുള്ള അജ്‌സല്‍ ഏക സ്‌ട്രൈക്കറാകും. നിജോ ഗില്‍ബര്‍ട്ട് അടക്കമുള്ളവരാണ് മധ്യനിര. ബംഗാള്‍ 4-3-3 ഫോര്‍മേഷനായിരിക്കും പരീക്ഷിക്കുക.

Previous Post Next Post