ആലപ്പുഴ അപകടം; കെഎസ്ആർടിസി ഡ്രൈവറെ ഒഴിവാക്കി, കാറോടിച്ച വിദ്യാർഥി പ്രതി



ആലപ്പുഴ: കളർക്കോട് ദേശീയ പാതയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. കാറോടിച്ച ​ഗൗരിശങ്കറിനെയാണ് പ്രതിയാക്കുക.

കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്‌ഐആര്‍ ഇട്ടത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് അദ്യം കേസെടുത്തിരുന്നത്.

വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകട കാരണമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു ഭാരതീയ ന്യായ സംഹിത 106 പ്രകാരമാണ് കേസ്. അപകടത്തിൽ പരിക്കേറ്റ് ​ഗൗരിശങ്കർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ആ​ദ്യ ഘട്ടത്തിൽ എഫ്ഐആർ തയ്യാറാക്കിയപ്പോൾ കെഎസ്ആർടിസി ഡ്രൈവറെ കുറ്റക്കാരനാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഡ്രൈവറുടെ വീഴ്ചയല്ലെന്നു കണ്ടെത്തി. ബസ് ഡ്രൈവർ ​ഗുരുതര കുറ്റം ചെയ്തുവെന്ന പരാമർശം പ്രതിഷേധത്തിനു ഇടയാക്കി. ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാർഥിക്കെതിരെ കേസെടുത്തത്.

Previous Post Next Post