മാടായി കോളജില്‍ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കും നിയമനം ലഭിച്ചിട്ടില്ല; എം കെ രാഘവനെ ജാമ്യത്തിലെടുക്കാന്‍ ബാദ്ധ്യതയില്ല: സിപിഎം



കണ്ണൂര്‍: മാടായി കോളജില്‍ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കും നിയമനം ലഭിച്ചിട്ടില്ലെന്ന് സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ്. മാടായിയിലേത് കോണ്‍ഗ്രസ്സിനുള്ളിലെ സംഘടനാ വിഷയമാണ്. കോളജില്‍ നിയമനം ലഭിച്ചത് ആര്‍ക്കാണെന്ന് അറിയില്ലെന്നും വി വിനോദ് പറഞ്ഞു.

15 വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐയുമായി ബന്ധമുള്ളയാളുകള്‍ക്ക് ജോലി നല്‍കിയെന്നാണ് പറയപ്പെടുന്നത്. അങ്ങനെ എത്രയാളുകള്‍ സംഘടനയില്‍വന്നു പോകുന്നുവെന്ന് വിനോദ് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ സി പി എമ്മുമായി ബന്ധമുള്ള ആര്‍ക്കും തന്നെ നിയമനം ലഭിച്ചിട്ടില്ല. ഈ കാര്യം പാര്‍ട്ടിയുടെ അറിവിലുമില്ല.

കോഴവിവാദം കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നമാണ്. ഈ വിഷയത്തില്‍ എം കെ രാഘവന്‍ എംപിയെ ജാമ്യത്തിലെടുക്കാനുള്ള ബാദ്ധ്യത ഏറ്റെടുക്കാന്‍ സിപിഎം തയ്യാറല്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിന്റേത്. കോളജ് ഭരണത്തില്‍ അഴിമതി നടക്കുന്നുണ്ടെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. കോഴ വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരട്ടെയെന്ന് വി വിനോദ് വ്യക്തമാക്കി.

Previous Post Next Post