തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിന്റെ ഉത്തരവാദിത്വം തിരുവമ്പാടി ദേവസ്വത്തിന്റെ മേല്‍ വച്ചുകെട്ടാനാണ് നീക്കമെന്നും ദേവസ്വത്തില്‍ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും സെക്രട്ടറി ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപിയുടെ വീഴ്ച മറയ്ക്കാനാണ് ശ്രമം. പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്തകളിലൂടെ കണ്ടെന്ന് ഗിരീഷ് കുമാര്‍ പറഞ്ഞു. എഡിജിപിയുടെ റിപ്പോര്‍ട്ട് ഡിജിപി തളളിയതാണ്. ഇത് സംബന്ധിച്ച് ത്രിതലത്തില്‍ അന്വേഷണം നടക്കുകയാണ്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത്. പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വത്തിന്റെ മുകളില്‍ കെട്ടിവയ്ക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നില്‍. 3500 ഓളം പൊലീസും ഉയര്‍ന്ന ഉദ്യഗോസ്ഥര്‍, ഇന്റലിജന്‍സ് റവന്യൂ ഉദ്യോഗസ്ഥര്‍ എല്ലാ തന്നെ അവിടെ ഉണ്ടായിരുന്നു. പൂരം കലക്കുമെന്ന് പൂരം കഴിഞ്ഞ ശേഷമാണോ അവര്‍ അറിഞ്ഞതെന്നും ഗിരീഷ് കുമാര്‍ ചോദിച്ചു.
എഡിജപി പറയുന്നത് അടിസ്ഥാനമില്ലാത്തതാണ്. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ മുഖ്യമന്ത്രി തള്ളുകയും ചെയ്തിട്ടുണ്ട്. പൂരം നടത്താനുള്ള കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കേണ്ടത് പൊലീസ് ആണ്. എഡിജിപി രണ്ടുദിവസം ഇവിടെ ഉണ്ടായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ട് അദ്ദേഹം എന്തിന് മൂടിവച്ചുവെന്നും ഗിരീഷ് കുമാര്‍ ചോദിച്ചു. തിരുവമ്പാടി ദേവസ്വത്തിലും തിരുവമ്പാടി പൂരക്കമ്മിറ്റിയിലും എല്ലാരാഷ്ട്രീയ പാര്‍ട്ടിക്കാരും ഉണ്ട്. എന്നാല്‍ ഒരു രാഷ്ട്രീവും ആരും ഇന്നുവരെ കാണിച്ചിട്ടില്ല. 226 വര്‍ഷമായി പൂരം നടക്കുന്നു. അതിന്റെ ഇടയില്‍ പല ഇലക്ഷനും നടന്നിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കളിച്ചിട്ടില്ല. 2023ല്‍ ഉണ്ടായ കാര്യങ്ങള്‍ 2024ല്‍ അവര്‍ത്തിക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ആവര്‍ത്തിച്ചപ്പോഴാണ് തടസമായി നിന്നത്. അത് പൂരം കലക്കാനായിരുന്നില്ല. തിരുവമ്പാടി ഒരുരാഷ്ട്രീയ കളിയും കളിച്ചിട്ടില്ല. ഈ കേസ് തെളിയിക്കണമെങ്കില്‍ സിബിഐക്ക് വിടണമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു