പൊതുജനത്തെ ബുദ്ധിമുട്ടിച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കൂടാതെ വഞ്ചിയൂര്‍ എസ്എച്ച്ഒ സമ്മേളനത്തിന് അനുമതി നല്‍കിയതിന്റെ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി മരട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍..
പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഈ ഉത്തരവുകള്‍ ലംഘിക്കപ്പെട്ടതായും സമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുള്‍പ്പെടയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
സമ്മേളനം നടത്താന്‍ വൈദ്യുതി കണക്ഷന്‍ എങ്ങനെ ലഭിച്ചുവെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവുകളുടെ നഗ്നമായ ലംഘനാണാണ് ഉണ്ടായതെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും എസ് മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂട്ടിക്കാട്ടി. അതിനാല്‍ കോടതിയലക്ഷ്യനടപടികള്‍ അനിവാര്യമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും റോഡ് തടഞ്ഞുള്ള കച്ചവടങ്ങളും മറ്റ് പ്രതിഷേധങ്ങളും നടക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.