നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ വിളിച്ച യാത്രക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഡ്രൈവർക്ക് ഇഷ്ടമായില്ല.
ഉടൻ യാത്രക്കാരനെ എയർപോർട്ട് റോഡില്‍ ഇറക്കിവിട്ടു. പോകുന്ന സമയത്ത് ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകർത്തിയ യാത്രക്കാരനോട് മോശമായി സംസാരിച്ചാണ് ഡ്രൈവർ സ്ഥലംവിട്ടത്.
കൊല്ലം ആർ.ടി.ഒ. ഓഫീസില്‍ ജോലി ചെയ്യുന്ന അസി. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറെയാണ് ഡ്രൈവർ നടുറോഡില്‍ ഇറക്കിവിട്ടത്. സംഭവത്തിനു പിന്നാലെ ഓട്ടോ പിടികൂടിയ മോട്ടോർ വാഹന വകുപ്പ് പിഴയ്ക്കു പുറമെ ഡ്രൈവർ നെടുമ്ബാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറിന്റെ ലൈസൻസും സസ്പെൻഡ് ചെയ്തു.
വിമാനത്താവളത്തില്‍നിന്ന് അത്താണി ഭാഗത്തേക്കാണ് ഓട്ടം വിളിച്ചത്. യാത്രക്കൂലിയായി 180 രൂപ ഡ്രൈവർ ആവശ്യപ്പെട്ടു. അഞ്ച് കിലോ മീറ്ററില്‍ താഴെയുള്ള ഓട്ടമായതിനാല്‍ 180 കൂടുതലാണെന്നും 150 രൂപ വരെ തരാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വണ്ടി പുറപ്പെട്ടപ്പോള്‍ മീറ്ററിടാൻ ആവശ്യപ്പെട്ട യാത്രക്കാരൻ മീറ്റർ നിരക്ക് പ്രകാരം തുക തരാമെന്നും അറിയിച്ചു. ഇതോടെ യൂണിഫോം പോലും ധരിക്കാത്ത ഡ്രൈവർ വണ്ടിയില്‍നിന്ന് ഇറക്കിവിട്ടു.
താനൊരു വെഹിക്കിള്‍ ഇൻസ്പെക്ടറാണെന്നു പറഞ്ഞ്, ഫോണില്‍ ഓട്ടോയുടെ ചിത്രം പകർത്തിയതോടെ ഓട്ടോ ഡ്രൈവർ മോശമായി സംസാരിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി. ഓഫീസിലെ അസി. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ പി.ജി. നിഷാന്ത് ഓട്ടോ ഡ്രൈവറെ പിടികൂടി.