വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍; സംഘം തട്ടിയെടുത്തത് 596 പവന്‍ സ്വര്‍ണം



കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മന്ത്രവാദിനിയായ യുവതി അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശി ജിന്നുമ്മ എന്ന ഷെമീമ (38), ഭര്‍ത്താവ് ഉബൈദ്, പൂച്ചക്കാട് സ്വദേശി അന്‍സിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ വെച്ച് മന്ത്രവാദം നടത്തി സ്വര്‍ണം തട്ടിയെടുത്തിരുന്നു. 596 പവന്‍ സ്വര്‍ണമാണ് സംഘം തട്ടിയെടുത്തത്. മന്ത്രവാദത്തിനു ശേഷം പലതവണയായി കൈപ്പറ്റിയ സ്വര്‍ണം തിരിച്ചു ചോദിച്ചപ്പോള്‍ ഗഫൂറിന്റെ തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. തട്ടിയെടുത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാളാണ് ആയിഷയെന്ന് പൊലീസ് സൂചിപ്പിച്ചു. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയില്‍ എം സി അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്ത് ബന്ധുവീട്ടിലായിരുന്നുവെന്നാണ് പൊലീസില്‍ നല്‍കിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയിരുന്നത്.

Previous Post Next Post