കോട്ടയം: പനച്ചിക്കാട് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ ദാരുണമായി മരിച്ചയാളുടെ മകനോട് വൈകീട്ട് രണ്ടെണ്ണം അടിക്കണമെന്ന് പറഞ്ഞ് 500 രൂപ കൈക്കൂലി ചോദിച്ച് വാങ്ങിയതായി പരാതി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അലക്സ് ജോണിനെതിരെയാണ് ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ് പരാതി നൽകിയത്. പരാതിയെത്തുടർന്ന് ഇയാളെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് അഡീഷണൽ എസ്പിയുടെ ഓഫീസിലേക്ക് താൽക്കാലികമായി സ്ഥലം മാറ്റി. ഡിപ്പാർട്ട്മെന്റ് തല അന്വേഷണത്തിന് ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് സൂചന.
കോട്ടയം പനച്ചിക്കാട് ഭാഗത്ത് മരണവീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ സ്കൂട്ടർ യാത്രക്കാരനായ മധ്യവയസ്കൻ കാറപകടത്തിൽ മരണപ്പെട്ടതിന്റെ കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയ മകനോടാണ് അലക്സ് ജോൺ മദ്യപിക്കാൻ 500 രൂപ ആവശ്യപ്പെട്ടത്. തുടർന്ന് അയൽവാസിയായ ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖിനോട് മരണമടഞ്ഞയാളുടെ മകൻ ഈ കാര്യം ബോധിപ്പിച്ചു. വൈശാഖ് സ്പെഷ്യൽ ബ്രാഞ്ചിനെയും ഈസ്റ്റ് പോലീസിലും പരാതി അറിയിച്ചു. ഈ പോലീസ്കാരന് എതിരെ ഇതുപോലെ കൈക്കൂലി ആവശ്യപ്പെട്ട പരാതികൾ പുറത്തുവരുന്നതായി റിപ്പോർട്ടുകളുണ്ട്.
