2024 ൽ ശ്രദ്ധേയമായി മാറിയ താരവിവാഹങ്ങൾ

2024 അവസാനത്തോട് അടുക്കുകയാണ്. പലരും പുതിയ ജീവിതത്തിലേക്ക് കടന്ന വര്‍ഷം കൂടിയാണ് ഇത്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന വിവാഹാഘോഷങ്ങൾ മുതൽ വളരെ സിംപിളായുള്ള വിവാഹങ്ങൾക്ക് വരെ ഈ വർഷം സിനിമാ ലോകം സാക്ഷിയായി. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികയുടെയും വിവാഹമായിരുന്നു ഏവരെയും അമ്പരപ്പെടുത്തിയത്.

സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, ശോഭിത ധൂലിപാല, കാളിദാസ് ജയറാം തുടങ്ങി ഏറ്റവുമൊടുവിൽ നടി കീർത്തി സുരേഷും പുതിയ ജീവിതത്തിലേക്ക് കടന്നു. സിനിമാ ലോകവും ആരാധകരും ഈ വർഷം ഒന്നടങ്കം ആഘോഷമാക്കിയ സെലിബ്രിറ്റി വിവാഹങ്ങളിലൂടെ

1. നാ​ഗ ചൈതന്യ - ശോഭിത ധൂലിപാല

ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹങ്ങളിലൊന്നായിരുന്നു നാ​ഗ ചൈതന്യ - ശോഭിത വിവാഹം. ഡിസംബർ 4ന് തെലുങ്ക് ആചാര പ്രകാരമായിരുന്നു ഇരുവരുടേയും വിവാ​ഹം. ചടങ്ങുകളിൽ മാത്രമല്ല വസ്ത്രത്തിലും ആഭരണങ്ങളും ക്ഷണക്കത്തിലും എല്ലാം പാരമ്പര്യത്തനിമ ഇരുവരും നിലനിർത്തി. നാ​ഗ ചൈതന്യയുടെ രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്. ഓ​ഗസ്റ്റിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതോടെ വൻ തോതിൽ സൈബർ ആക്രമണവും താരങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നു.

2. സിദ്ധാര്‍ഥ് - അദിതി റാവു ഹൈദരി

സെപ്റ്റംബര്‍ 16 നായിരുന്നു സിദ്ധാർഥിന്റെയും അദിതിയുടെയും രജിസ്റ്റര്‍ വിവാഹം നടന്നത്. പിന്നീട് ദിവസങ്ങൾക്ക് ശേഷം രാജസ്ഥാനില്‍ വച്ച് ഇരുവരുടെയും ഡെസ്റ്റിനേഷന്‍ വെഡ്ഡിങും നടന്നു. 2021ൽ ആരംഭിച്ച പ്രണയത്തിനാണ് അദിതിയും സിദ്ധാർഥും വിവാഹത്തിലൂടെ പൂർണത നൽകിയത്. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഇരുവരും വിവാഹത്തിനായി തിരഞ്ഞെടുത്തത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഈ ചടങ്ങിന്റെ ഭാഗമായി.

3. സൊനാക്ഷി - സഹീർ

ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിൻഹയുടെയും സഹീർ ഇഖ്ബാലിന്റെയും വിവാഹവും ശ്രദ്ധേയമായിരുന്നു. ജൂൺ 23നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ താര പകിട്ടുകൾ പരമാവധി കുറച്ച് ലളിതമായ വിവാഹമായിരുന്നു ഇവരുടേത്. സൊനാക്ഷിയുടെ മുംബൈയിലെ വസതിയായിരുന്നു വിവാഹ വേദി. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ഉൾപ്പെടുന്ന ഒരു റിസപ്ഷനും വിവാഹത്തിനു ശേഷം ഒരുക്കിയിരുന്നു.

4. കാളിദാസ് ജയറാം - താരിണി

ഏറെ നാൾ നീണ്ട പ്രണയത്തിന് ശേഷമാണ് കാളിദാസ് ജയറാം താരിണിയെ താലി ചാർത്തിയത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഡിസംബർ 8 നായിരുന്നു ഇരുവരുടേയും വിവാഹം. സിനിമാ മേഖലയിലും രാഷ്ട്രീയ ​രം​ഗത്തുള്ളവരും വിവാഹത്തിനെത്തിയിരുന്നു. ചെന്നൈയിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ വിരുന്നും ഒരുക്കിയിരുന്നു.

5. കീർത്തി - ആന്റണി

അടുത്തിടെ തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹ​ങ്ങളിലൊന്നായിരുന്നു കീർത്തിയുടേയും ആന്റണി തട്ടിലിന്റെയും. 15 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമായിരുന്നു വിവാഹചടങ്ങുകൾ. കീർത്തിയുടെ രണ്ട് വിവാഹ ലുക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

Previous Post Next Post