പാലക്കാട്: ജനങ്ങള്‍ വികസനത്തിനായാണ് വോട്ട് ചെയ്യുകയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത് എന്‍ഡിഎയുടെ വിജയത്തിലൂടെ പാലക്കാട്ടുകാര്‍ വിധിയെഴുതുമെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു.
വയനാട്ടില്‍ പോളിങ് കുറഞ്ഞത് കോണ്‍ഗ്രസിനെതിരായ വികാരമാണെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട് വിജയിച്ച് പോയിട്ട് അവിടുത്തെ ജനങ്ങളെ വഞ്ചിച്ച് പോയ രാഹുല്‍ ഗാന്ധിക്കെതിരായ പ്രതിഷേധമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചത്. ഇത് തന്നെയാകും പാലക്കാടും നടക്കുകയെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഷാഫി പറമ്പിലിനെതിരായ വികാരം വോട്ടിലൂടെ പ്രതിഫലിക്കും. എന്‍ഡിഎക്ക് അനുകൂലമായിട്ടുള്ള വിധിയെഴുത്തായിരിക്കും അതെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകളിലായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടിങ് ശതമാനം ഉയരും. ഇ ശ്രീധരന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടത് ചെറിയ വോട്ടുകള്‍ക്കാണ്. ആ പരാജയം മറികടക്കാന്‍ പാലക്കാട്ടുകാര്‍ മനസുകൊണ്ട് ഉറപ്പിച്ചിട്ടുണ്ടെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ചര്‍ച്ച ചെയ്തത് ജനകീയ വിഷയങ്ങളാണെന്നും അതാണ് പാലക്കാട്ടുക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതിനനുസരിച്ചായിരിക്കും വോട്ടിങ്ങെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു.
ഒന്നാം സ്ഥാനം ബിജെപി ഉറപ്പിച്ചു കഴിഞ്ഞുവെന്നും രണ്ടാം സ്ഥാനത്തിനായാണ് കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നതെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമേ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂ. അഞ്ചക്ക ഭൂരിപക്ഷത്തിലായിരിക്കും എന്‍ഡിഎയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒരു വിഭാഗത്തെയും വോട്ട് ബാങ്കായി കാണുന്നില്ല. രണ്ട് മുന്നണികളും ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനായിട്ടാണ് ശ്രമിക്കുന്നത്. തങ്ങള്‍ എല്ലാ വിഭാഗത്തിന്റെയും വികസനമാണ് കാണുന്നത്. ന്യൂനപക്ഷ മേഖലകളില്‍ പോലും എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുമെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു.