മദ്യപിച്ച്‌ ബഹളം വച്ചതിന് ട്രെയിനില്‍ നിന്നിറക്കി വിട്ടു; പ്രകോപനത്തില്‍ കല്ലേറ്, യാത്രക്കാരന് പരിക്ക്

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയ ട്രെയിനിന് നേരെ കല്ലേറ്. കല്ലേറില്‍ ട്രെയിൻ യാത്രക്കാരന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു.
മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെ വെള്ളിയാഴ്ച രാവിലെയായിരുന്നു കല്ലേറുണ്ടായത്. കൊല്ലം ശക്തികുളങ്ങര സ്വദേശി വി മുരളീധരനാണ് (63) പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുരളീധരനെ ആശുപത്രിയില്‍ പ്രവേശി‌പ്പിച്ചു. 

മദ്യപിച്ച്‌ ട്രെയിനില്‍ ബഹളമുണ്ടാക്കിയ യുവാവിനെ മറ്റ് യാത്രക്കാർ ചേർന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ടിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. ഏറ്റവും പിന്നിലെ ജനറല്‍ കംപാർട്ടുമെന്റിലായിരുന്നു മുരളീധരൻ. ആദ്യം എറിഞ്ഞ കല്ല് ആരുടെയും ശരീരത്തില്‍ കൊണ്ടില്ല. രണ്ടാമത് എറിഞ്ഞപ്പോഴാണ് മുരളീധരന്റെ തലയില്‍ കൊണ്ടത്.
പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരതിന് നേരെയും ഇന്നലെ കല്ലേറുണ്ടായി. ബേക്കലിനും കാഞ്ഞങ്ങാടിനുമിടയില്‍ തെക്കുപുറത്തു വച്ചായിരുന്നു സംഭവം. കല്ലേറില്‍ സി 10 കോച്ചിന്റെ ചില്ല് തകരുകയും ചെയ്തു.

Previous Post Next Post