കോട്ടയം: നാഷണൽ ആക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) ആയുഷ് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ നേടുന്നതിനായി ജില്ലയിലെ ആയുർവേദ ഡിസ്പെൻസറികളിൽ ദേശീയതല അസെസ്മെന്റ് ആരംഭിച്ചു. ഭാരതീയ ചികിത്സാവകുപ്പ്, ദേശീയ ആയുഷ് ദൗത്യം, പാമ്പാടി ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ കുറ്റിക്കൽ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ദേശീയതല അസെസ്മെന്റിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രി. ഹരികുമാർ അധ്യക്ഷത വഹിച്ചു.
പാമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സാബു എം. എബ്രഹാം, പി.എസ്. ശശികല, സന്ധ്യ രാജേഷ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. അമ്പിളി കുമാരി, ദേശീയ ആയുഷ് ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. പ്രതിഭ, കുറ്റിക്കൽ സർക്കാർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. നിഖില സജീവൻ എന്നിവർ പ്രസംഗിച്ചു.
ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുളായ കുറ്റിക്കൽ, കുമാരനല്ലൂർ, മാടപ്പള്ളി എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ ഡിസ്പെൻസറികളിൽ എൻ.എ.ബി.എച്ച്. അസ്സസ്സർ ഡോ. ബി. സജിനിയുടെ നേതൃത്വത്തിൽ ദേശീയതല അസെസ്മെന്റ് നടത്തി. ആധുനിക രീതിയിലുള്ള ആശുപത്രി സൗകര്യങ്ങൾ, കുടിവെള്ളത്തിന്റെ ലഭ്യത, അറിയിപ്പ് ബോർഡുകൾ, രോഗീ സൗഹൃദ സൗകര്യങ്ങൾ, വീൽചെയർ സൗകര്യം, മുലയൂട്ടൽ കേന്ദ്രങ്ങൾ തുടങ്ങി വിവിധ സൗകര്യങ്ങൾ വിലയിരുത്തിയാണ് അക്രഡിറ്റേഷൻ ലഭിക്കുക. ഗുണനിലവാരവും രോഗികളുടെ സുരക്ഷാമാനദണ്ഡങ്ങളും നടപ്പാക്കാനും അക്രഡിറ്റേഷൻ നേടുന്നതിനും നിലനിർത്തുന്നതിനും സഹായിക്കാൻ ആശുപത്രികൾക്കുള്ളിൽതന്നെ ഇന്റേണൽ കൗൺസിലർമാരെ തയാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.