ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകം; മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് ജനവിധിയുടെ ഫലം നാളെ



മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഏത് മുന്നണിയാണ് അധികാരത്തിലേറുക എന്നതിന്റെ ചിത്രം വ്യക്തമാകും. ഇന്ത്യ മുന്നണിയും ബിജെപി മുന്നണിയും ഏറെ പ്രതീക്ഷയോടെയാണ് ജനവിധി ഉറ്റുനോക്കുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയേക്കാവുന്ന ഒന്നാണ് മഹാരാഷ്ട്രയിലെ ജനവിധി. ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി- ശിവസേന (ഷിന്‍ഡെ), എന്‍സിപി (അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി. അതേസമയം ബിജെപി മുന്നണിയെ തകര്‍ത്ത് അധികാരം തിരിച്ചു പിടിക്കാനാകുമെന്ന് കോണ്‍ഗ്രസ്- ശിവസേന) ഉദ്ധവ് താക്കറെ), എന്‍സിപി (ശരദ് പവാര്‍) സഖ്യമായ മഹാവികാസ് അഖാഡി കണക്കു കൂട്ടുന്നു.

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും വോട്ടെടുപ്പിന് ശേഷം വന്ന വിവിധ എക്‌സിറ്റ്‌പോള്‍ സര്‍വേകള്‍ ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഝാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായി 81 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2019ല്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 30 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 16 ഉം, ആര്‍ ജെ ഡിഒന്നും സീറ്റുകളില്‍ വിജയിച്ചു. ബിജെപി 25 സീറ്റുകളാണ് നേടിയത്.

Previous Post Next Post