പെരിന്തല്‍മണ്ണയില്‍ ജുവലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണം കവർന്ന കേസില്‍ പ്രതിയായ അർജുൻ തന്നെയാണ് വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ കാർ ഓടിച്ച ഡ്രൈവർ.
പാട്ടുരക്കല്‍ സ്വദേശി കുറിയേടത്ത് മനയില്‍ അർജുൻ ആണ് പെരിന്തല്‍മണ്ണ കവർച്ച കേസില്‍ പിടിയിലായത്. ഇയാള്‍ അടക്കം ഒമ്ബത് പേരെയാണ് അറസ്‌റ്റ് ചെയ‌്തിട്ടുള്ളത്. കവർച്ചാ സ്വർണം വില്‍ക്കാൻ സഹായിച്ചവരുടെ കൂട്ടത്തിലാണ് അർജുനെ പ്രതിചേർത്തിരിക്കുന്നത്.
ബാലഭാസ്‌കറിന്റെ അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയില്‍ വ്യക്തമായിരുന്നു. അർജുന് തലയ്ക്ക് പരിക്കേറ്റത് മുൻ സീറ്റില്‍ ഇരുന്നതിനാലാണെന്നായിരുന്നു ഫോറൻസിക് പരിശോധനാ ഫലം. ബാലഭാസ്‌കർ പിൻസീറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറൻസിക് അന്വേഷണത്തില്‍ കണ്ടെത്തി. അപകടമുണ്ടായപ്പോള്‍ കാർ അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ താൻ അല്ല വാഹനം ഓടിച്ചതെന്ന് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു.