വിവാഹ അഭ്യര്‍ഥന നിരസിച്ചു; വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അധ്യാപികയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍



ചെന്നൈ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയില്‍ വച്ച് കൊലപ്പെടുത്തി യുവാവ്. 24കാരിയായ തഞ്ചാവൂര്‍ സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂര്‍ മല്ലിപ്പട്ടണത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ മദന്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അധ്യാപിക കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് മദന്‍ കുമാര്‍ കത്തിയുമായി ക്ലാസിലെത്തിയത്. കുട്ടികളുടെ കണ്‍മുന്നില്‍വച്ച് യുവാവ് അധ്യാപികയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ രമണിയെ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രമണിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇരുവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരും ഒരേ സമുദായത്തില്‍പ്പെട്ടവരുമാണ്. മദന്‍ കുമാര്‍ വിവാഹ അഭ്യര്‍ഥനയുമായി യുവതിയുടെ വീട്ടുകാരെ സമീപച്ചെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചു.

ഇന്നലെ ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ ഇക്കാര്യം മദന്‍ കുമാറിനോട് പറയുകയും ചെയ്തു. നാല് മാസം മുന്‍പാണ് രമണി മല്ലപ്പട്ടണം ഹൈസ്‌കൂളില്‍ അധ്യാപികയായി എത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

Previous Post Next Post