കായികരാജാക്കളായി തിരുവനന്തപുരം, അത്‌ലറ്റിക്‌സിൽ ആദ്യ കിരീടം ചൂടി മലപ്പുറം



കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അത്‌ലറ്റിക്‌സില്‍ 22 സ്വർണമടക്കം 247 പോയിന്‍റുമായി മലപ്പുറം ജില്ല കിരീടം സ്വന്തമാക്കി.

ആദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സ് കിരീടം നേടുന്നത്. 25 സ്വർണത്തോടെ 213 പോയിന്‍റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ഐഡിയല്‍ ഇ.എച്ച്‌.എസ്.എസ് കടകശേരിയാണ് അത്‌ലറ്റിക്‌സില്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുത്തത്. 80 പോയിന്റാണ് സ്‌കൂളിന് ലഭിച്ചത്.

കായികമേളയില്‍ തിരുവന്തപുരമാണ് ഓവറോള്‍ ചാമ്ബ്യന്മാർ. ഗെയിംസില്‍ 144 സ്വര്‍ണമടക്കം 1213 പോയിന്റോടെയാണ് തിരുവനന്തപുരം ആധിപത്യമുറപ്പിച്ചത്. ഓവറോള്‍ നേട്ടത്തിലും ബഹുദൂരം(1926 പോയിന്റ്) മുന്നിലെത്തി. 144 സ്വർണവും 88 വെള്ളിയും 100 വെങ്കലവുമാണ് തിരുവനന്തപുരത്തിന്‍റെ നേട്ടം. 73 സ്വർണവും 56 വെള്ളിയും 75 വെങ്കലവുമായി റണ്ണറപ്പായ തൃശൂർ ജില്ലക്ക് 744 പോയന്‍റാണുള്ളത്. 67 സ്വർണം, 61 വെള്ളി,66 വെങ്കലവും നേടി കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം സമാപിച്ച അക്വാട്ടിക് മത്സരങ്ങളിലും തിരുവനന്തപുരം ജില്ലക്കായിരുന്നു ഓവറോള്‍ ചാമ്ബ്യൻഷിപ്പ്.

2025ലെ കായികമേള തിരുവനന്തപുരത്ത്

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേള ഒളിമ്ബിക്സ് മാതൃകയില്‍ത്തന്നെ വരും വർഷങ്ങളിലും നടത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഗെയിംസ്, നീന്തല്‍, അത്ലറ്റിക്സ് മത്സരങ്ങള്‍ ഒരുമിച്ചാണ് നടത്തുക. 2025ലെ കായികമേളക്ക് തിരുവനന്തപുരം വേദിയാവുമെന്ന് മന്ത്രി വ്യക്തമാക്കി. മേളയില്‍ ഇക്കുറി സവിശേഷ പരിഗണനയുള്ള വിദ്യാർഥികളുടെയും ഗള്‍ഫില്‍നിന്നുള്ള മത്സരാർഥികളുടെയും പങ്കാളിത്തമുണ്ടായിരുന്നു.

Previous Post Next Post