ഇടുക്കി പീരുമേട്ടിൽ യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പള്ളിക്കുന്ന് വുഡ്‌ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബു (29) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കുപിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകർന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമീക വിവരം.
ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കൾ അടങ്ങുന്ന സംഘം ബിബിൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിലെ ശുചിമുറിയിൽ മുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കൾ പറഞ്ഞിരുന്നത്. യുവാവ് മരിച്ചുകിടന്ന വീട് പോലീസ് പരിശോധിച്ചു. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌കോഡും പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ യുവാവിന്റെ ബന്ധുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
