നാടകീയതകള്‍ നിറഞ്ഞതായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ ഗാർഹിക പീഡനക്കേസ്. ട്വിസ്റ്റുകളില്‍നിന്ന് ട്വിസ്റ്റുകളിലേക്ക് നീണ്ട കേസില്‍ ഒടുവില്‍ പരാതിക്കാരിയും പ്രതിയായ ഭർത്താവും ഒത്തുതീർപ്പിലെത്തിയതോടെഹൈകോടതി കേസ് ഒത്തുതീർപ്പാക്കിയിരുന്നു എന്നാല്‍, ഒന്നരമാസത്തിന് ശേഷം അതേ യുവതി വീണ്ടും ഭർത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
അമ്മയെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ ഭർത്താവ് ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ ഭർത്താവ് രാഹുല്‍ പി. ഗോപാലിനെതിരേ വധശ്രമം, ഗാർഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലാണ്.
2024 മെയ് 12-ാം തീയതിയാണ് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന്റെ തുടക്കം. പന്തീരാങ്കാവിലെ ഭർത്തൃവീട്ടില്‍വെച്ച് പറവൂർ സ്വദേശിനിയായ യുവതിയെ ഭർത്താവ് രാഹുല്‍ പി. ഗോപാല്‍ ക്രൂരമായി മർദിച്ചെന്നായിരുന്നു അന്നത്തെ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ ഭർത്തൃവീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനെത്തിയപ്പോളാണ് മർദനവിവരം പുറത്തറിഞ്ഞതെന്നും അന്ന് പരാതിയിലുണ്ടായിരുന്നു.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ സുപ്രധാന ട്വിസ്റ്റ് സംഭവിക്കുന്നത് 2024 ജൂണ്‍ പത്താം തീയതിയായിരുന്നു. അന്നുവരെ രാഹുലിനെതിരേ നിരന്തരം ആരോപണം ഉന്നയിക്കുകയും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത യുവതി മൊഴിമാറ്റി. താൻ പറഞ്ഞതെല്ലാം കള്ളമാണെന്നായിരുന്നു യൂട്യൂബ് ചാനലിലൂടെ യുവതിയുടെ വെളിപ്പെടുത്തല്‍.
ഭർത്താവ് രാഹുലിനെതിരേ മോശമായ കാര്യങ്ങള്‍ പറഞ്ഞതില്‍ കുറ്റബോധമുണ്ടെന്നും വീട്ടുകാരും ബന്ധുക്കളും നിർബന്ധിച്ചതിനാലാണ് നുണകള്‍ പറഞ്ഞതെന്നുമായിരുന്നു യുവതി പറഞ്ഞത്. രാഹുല്‍ രണ്ടുതവണ തല്ലിയെന്നത് ശരിയാണ്. അത് ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. തലയ്ക്ക് പരിക്കേറ്റത് ബാത്ത്റൂമില്‍ വീണതിനാലാണെന്നും കേസിന് ബലം കിട്ടാനായാണ് മറ്റുപല ആരോപണങ്ങളും ഉന്നയിച്ചതെന്നും യുവതി പറഞ്ഞിരുന്നു. രാഹുലിനെ ഏറെ ഇഷ്ടമാണെന്നും ഒരുമിച്ച് ജീവിക്കാനാണ് താത്പര്യമെന്നും പരാതിക്കാരി പറഞ്ഞു.
ഈ വെളിപ്പെടുത്തലിന് പിന്നാലെ വീട്ടില്‍നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് യുവതി വീണ്ടും രംഗത്തെത്തി. പിന്നാലെ യുവതിയെ കാണാനില്ലെന്ന് വീട്ടുകാരും പരാതി നല്കി. എന്നാല്‍, ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് വെളിപ്പെടുത്തി യുവതി തന്നെ പിന്നീട് രംഗത്തെത്തി. ഇതിനിടെ, ഗാർഹിക പീഡനക്കേസ് റദ്ദാക്കാനായി പ്രതി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. രാഹുലടക്കം അഞ്ചുപേരെ പ്രതിചേർത്ത് പോലീസ് ഇതിനകം കേസില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നാലെ രാഹുല്‍ പി. ഗോപാല്‍ വിദേശത്തുനിന്ന് നാട്ടിലെത്തുകയുംചെയ്തു.
കേസ് റദ്ദാക്കണമെന്ന ഹർജിയില്‍ രാഹുലിനോടും പരാതിക്കാരിയായ ഭാര്യയോടും ആദ്യം കൗണ്‍സിലിങ്ങിന് വിധേയമാകാനാണ് ഹൈക്കോടതി നിർദേശിച്ചത്. പിന്നാലെ പരാതിക്കാരി കേസില്‍നിന്ന് പിന്മാറിയതിന്റെ പശ്ചാത്തലത്തില്‍ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. 2024 ഒക്ടോബർ 25-നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഇതിനുശേഷം രാഹുലും ഭാര്യയും വീണ്ടും ഒരുമിച്ച് താമസം തുടങ്ങി. എന്നാല്‍, കൃത്യം ഒരുമാസത്തിന് ശേഷമാണ് യുവതി വീണ്ടും രാഹുലിനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.