പി പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. എസിപി ഓഫീസിലാകും ചോദ്യം ചെയ്യല്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രാവിലെ ദിവ്യയെ പൊലീസ് ഹാജരാക്കിയത്. 

കേസില്‍ പി പി ദിവ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിച്ചിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തശേഷം മൂന്നു മണിക്കൂറോളം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍, കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്നാണ് പൊലീസ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.
നവീന്‍ബാബുവിന്റെ ആത്മഹത്യാക്കേസില്‍ അറസ്റ്റിലായ പി പി ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നത്. ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ജാമ്യ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ദിവ്യയുടെ ജാമ്യഹര്‍ജിയെ എതിര്‍ക്കുമെന്ന് നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
Previous Post Next Post