എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബാരി വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.
പുതിയ ചിത്രങ്ങളില്‍ സുനിതയെ ക്ഷീണിതയായും ഭാരക്കുറവുള്ളയാളായുമാണ് കാണുന്നതെന്ന് സിയാറ്റിലിലെ ഡോക്ടറായ വിനയ് ഗുപ്ത പറയുന്നു. മർദമുള്ള കാബിനുള്ളില്‍ മാസങ്ങളായി തുടർച്ചയായി കഴിയേണ്ടിവരുന്നയാള്‍ക്ക് സംഭവിക്കാവുന്ന മാറ്റങ്ങള്‍ സുനിതയില്‍ കാണാനാകും. കവിളുകള്‍ പതിവിലും കുഴിഞ്ഞിട്ടുണ്ട്. മൊത്തത്തിലുള്ള ശരീരഭാരം കുറയുന്നവരിലാണ് ഇങ്ങനെ കാണുക. ഉടൻ ഒരു അപകട സാധ്യത കാണുന്നില്ലെങ്കിലും നിലവിലെ സാഹചര്യം ദീർഘമായി തുടരുന്നത് ആശങ്കക്കിടയാക്കുമെന്ന് ഡോക്ടർ പറയുന്നു.