'ആശങ്ക വേണ്ട, ആരോഗ്യവതിയാണ്': സുനിത വില്യംസ്



ന്യൂയോര്‍ക്ക്: സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമീപ കാലത്ത് ആശങ്കകളുയര്‍ന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കിയിരിക്കുകയാണ് ഇവര്‍. ആരോഗ്യവതിയാണെന്നും ആശങ്ക വേണ്ടെന്നും സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് അറിയിച്ചു.

'ഞാന്‍ ഇവിടെ എത്തുമ്പോള്‍ എനിക്കുണ്ടായിരുന്ന അതേ ശരീരഭാരമാണ് ഇപ്പോഴുമുള്ളത്. പേശികളിലും ബോണ്‍ ഡെന്‍സിറ്റിയിലും മൈക്രോ ഗ്രാവിറ്റിയുടെ പാര്‍ശഫലങ്ങളെ ചെറുക്കാന്‍ ബഹിരാകാശയാത്രികര്‍ പിന്തുടരുന്ന കര്‍ശനമായ വ്യായാമ മുറകള്‍ കാരണമാണ് രൂപത്തില്‍ കാര്യമായ മാറ്റമുണ്ടായത്', സുനിത വില്യംസ് പറഞ്ഞു.

സമീപകാലത്ത് ബഹിരാകാശ നിലയത്തിലെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ (ഐഎസ്എസ്) ഉള്ളവരെല്ലാം ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഫ്‌ലൈറ്റ് സര്‍ജന്മാര്‍ നിരന്തരം ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതായും നാസയുടെ സ്‌പേസ് ഓപറേഷന്‍ ഡയറക്ടറേറ്റ് ജിമി റുസെല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

2024 ജൂണിലാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും എട്ടുദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കും. സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ 'ഫ്രീഡ'മാണ് ഇവരെ തിരികെ എത്തിക്കുക.

Previous Post Next Post