ഒന്നര വയസുകാരിയായ മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്ബ് വീട്ടില്‍ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകള്‍ ഏദ്‌ന എന്നിവരാണ് മരിച്ചത്.
കുടുംബപ്രശ്നത്തെ തുടർന്നാണ് ജീവനൊടുക്കിയത്.
മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയാണ് അനീഷിന്റെ ഭാര്യ. സ്നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകർക്കത്തിലേർപ്പെട്ടു. തുടർന്ന് കുഞ്ഞിനേയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു.
അനീഷ് തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫിലായിരുന്നു. സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ് സ്നേഹ. ഇവർക്ക് ഏദൻ എന്ന മകനുമുണ്ട്.