ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു



 ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് സ്വദേശികളായ നവീന്‍ (24), ശ്രീഹരി (24) എന്നിവരാണ് മരിച്ചത്.

എക്‌സറേ കവലയ്ക്ക് സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം. മലപ്പുറത്തേയ്ക്ക് പോകുകയായിരുന്ന ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിന്റെ അടിയിലേക്ക് പോയി. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഇവരെ ആദ്യം ആരും കണ്ടില്ല.

തുടര്‍ന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Previous Post Next Post