കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച രണ്ടാം കവാടം തുറന്ന് കൊടുക്കുന്നു. ഇനി എം.സി. റോഡ് വഴി വരുന്നവർക്ക് വേഗം സ്റ്റേഷനിൽ എത്താം.



കോട്ടയം: കാത്തിരിപ്പിനൊടുവില്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച രണ്ടാം കവാടം തുറന്നു കൊടുക്കുന്നു.

രണ്ടാംകവാടം, ബുക്കിങ്ങ് കൗണ്ടര്‍, എസ്‌കലേറ്റര്‍ എന്നിവയുടെ ഉദ്ഘാടനം 12നു നടക്കും.

കഴിഞ്ഞ ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച പദ്ധതിയാണ് ഇപ്പോള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ശബരിമല തീര്‍ഥാടന കാലം ആരംഭിക്കാനിരിക്കേ, തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് നിര്‍മാണം പൂര്‍ത്തിയാകും മുമ്ബേ രണ്ടാം കവാടം തുറന്നു കൊടുക്കുന്നത്.


എം.സി. റോഡു വഴി വരുന്നവര്‍ക്കു വേഗം സ്റ്റേഷനില്‍ എത്താന്‍ കഴിയുമെന്നതാണു രണ്ടാം കവാടത്തിന്റെ പ്രധാന നേട്ടം. നിലവില്‍ ഗുഡ്സ് ഷെഡ് റോഡ് വഴി ആളുകള്‍ എത്തുന്നുണ്ടെങ്കിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇവിടെയില്ല, മാത്രമല്ല പാളം മുറിച്ചു കടക്കുന്നതു സുരക്ഷിതവുമല്ല.


രണ്ടാംകവാടം തുറക്കുന്നതിനെ തുടര്‍ന്ന് അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട്‌ഓവര്‍ബ്രിജ് സൗകര്യവും ലഭിക്കും. രണ്ടാം കവാടത്തിലെ കെട്ടിടത്തില്‍നിന്ന് അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചു ഫുട് ഓവര്‍ബ്രിഡ്ജും ഉണ്ട്. ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്കു കവാടം ഉപയോഗിക്കാം. ഇവിടെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ക്രമീകരിക്കും.

രണ്ടാംകവാടത്തിനു സമീപത്തെ ഒഴത്തില്‍ ലെയ്ന്‍ റോഡിനു സമീപം താമസിക്കുന്നവര്‍ക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാം. എല്ലാ പ്ലാറ്റ്ഫോമുകളിലും ശുദ്ധജല സൗകര്യവും ലഭ്യമാകും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടി പ്രത്യേകമുറിയും ക്രമീകരിച്ചിട്ടുണ്ട്.


12നു രാവിലെ 11നു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ രണ്ടാം കവാടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.എന്‍.വാസവന്‍, ജോസ്.കെ.മാണി എം.പി, ഫ്രാന്‍സിസ് ജോര്‍ജ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, മുന്‍സിപ്പല്‍ ചെയര്‍ പേഴ്സ്ണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ റയില്‍വേയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും

Previous Post Next Post