തീര്‍ത്ഥാടകരെ നിര്‍ത്തി യാത്ര പാടില്ല, ഫിറ്റ്‌നസ് ഇല്ലാത്ത ഒരു ബസു പോലും സര്‍വീസ് നടത്തരുത്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ഹൈക്കോടതി



കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസു പോലും അയക്കരുത്. തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ട് പോകാന്‍ പാടില്ല. ഇതു ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ആയിരത്തോളം ബസുകളാണ് ശബരിമല തീര്‍ത്ഥാടനത്തിനായി കെഎസ്ആര്‍ടിസി അയയ്ക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കുന്ന ബസുകളുടെ കാര്യത്തില്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് കര്‍ശനമായി പാലിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മിഷണര്‍ ഉറപ്പാക്കണം. എന്തൊക്കെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ശബരിമല തീര്‍ത്ഥാടനകാലം നാളെ തുടങ്ങാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. 70,000 പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴിയും 10,000 പേര്‍ക്ക് സ്‌പോട് ബുക്കിങ്ങിലൂടെയും ദര്‍ശനത്തിന് അവസരം നല്‍കും. പതിനെട്ടാംപടിയില്‍ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കും. ചുക്കുവെള്ളവും ബിസ്‌ക്കറ്റ് തുടങ്ങിയവ മുഴുവന്‍ സമയവും ലഭ്യമാക്കും. എല്ലാ ദിവസവും മൂന്നുനേരം അന്നദാനത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Previous Post Next Post