ഈ ആഴ്ച ഒടിടിക്ക് വന്‍ ആഘോഷത്തിന്റേതാണ്. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളും ഷോകളുമാണ് റിലീസിന് എത്തുന്നത്. ഓണം റിലീസായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ കിഷ്‌കിന്ധാ കാണ്ഡവും റിലീസിന് എത്തുകയാണ്. ഈ ആഴ്ചയിലെ റിലീസുകള്‍ ഇവയാണ്.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. മകന്റെ വിവാഹത്തിനു ശേഷം അച്ഛന്റേയും മകന്റേയും ജീവിതത്തിലുണ്ടാവുന്ന മാറ്റമാണ് ചിത്രം പറയുന്നത്. ഗംഭീര നിരൂപക പ്രശംസ നേടിയ ചിത്രം തിയറ്ററിലും വന്‍ വിജയമായി മാറി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ നവംബര്‍ 19ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സൂപ്പര്‍താര സുന്ദരി നയന്‍താരയുടെ ജീവിതവും വിവാഹവുമെല്ലാം പറയുന്ന ഡോക്യുമെന്ററി ചിത്രം നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍. താരത്തിന്റെ പിറന്നാള്‍ ദിനമായ നവംബര്‍ 18നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യുന്നത്. തെന്നിന്ത്യയിലേയും ബോളിവുഡിലേയും നിരവധി താരങ്ങളും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.
ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തെ ആസ്പദമാക്കി ഒരുക്കിയ വെബ്‌സീരീസാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്. ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും ചേര്‍ന്ന് എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയത്. ഏഴ് എപ്പോസിഡുകളിലായി വരുന്ന സീരീസ് ഒരുക്കിയത് നിഖില്‍ അധ്വാനിയാണ്. സോണി ലിവിലൂടെ നവംബര്‍ 15 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
കടലിനെ പശ്ചാത്തലമാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് അടിത്തട്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയിൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 2022 ജൂലൈ ഒന്നിന് റിലീസ് ചെയ്ത ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒടിടിയിലേക്ക് എത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പന്നമാണ് ചിത്രം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.