വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ തട്ടിപ്പാണ് എന്ന മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്ബാദിക്കാം എന്ന ലിങ്ക് എന്നാണ് കേരള പൊലീസ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറയുന്നത്.
സുഹൃത്തുക്കളില്‍ നിന്നോ അജ്ഞാത നമ്ബറില്‍ നിന്നോ ആകാം ഇത്തരം സാമ്ബത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറുമ്ബോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം.കൂടുതല്‍ പണം സമ്ബാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്ബോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടില്‍ തുക കൂടും . കൂടാതെ ഈ വെബ്സൈറ്റിന്‍റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചു നല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും. അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്ബോള്‍ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളാകും എന്നും മുന്നറിയിപ്പ് കുറിപ്പില്‍ പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുവാനും വ്യക്തമാക്കി.
ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുക. ഓര്‍ക്കുക, എളുപ്പവഴിയിലൂടെ പണം സമ്ബാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്ബറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യുകയോ വേണം.