സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
പറവ ഫിലിംസ് കമ്ബനി നടത്തിയ സാമ്ബത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്.

രണ്ട് സിനിമാ നിർമ്മാണ കമ്ബനികളുടെയും സാമ്ബത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു.

തുടർന്ന് സിനിമാ നിർമാണ കമ്ബനികളെ കേന്ദ്രീകരിച്ച്‌ ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരെ ഉള്‍പ്പെടെ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

തുടർന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയില്‍ സമർപ്പിച്ചു. പൊലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ ഇടപെടല്‍.
Previous Post Next Post